Sunday, May 18, 2008

கன்யாஸ்திரி அபயா கற்பழிப்பு கொலை வழக்கில் பாதர் கோட்டூர் கைது செய்யப்படுவாரா?

സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ വൈദികനു പങ്കുണ്ടെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌

കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ ഫാ. തോമസ്‌ കോട്ടൂരിനു പങ്കുണ്ടെന്നു സൂചിപ്പിക്കുന്ന രഹസ്യ റിപ്പോര്‍ട്ട്‌ സി.ബി.ഐ. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

ബാംഗ്ലൂരില്‍ നടത്തിയ നാര്‍ക്കോ അനാലിസിസിന്റെ അടിസ്ഥാനത്തില്‍, വിശദമായ റിപ്പോര്‍ട്ടാണ്‌ സി.ബി.ഐ. സംഘത്തിലെ ഡിവൈ.എസ്‌.പി. ആര്‍.കെ. അഗര്‍വാള്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നറിയുന്നു.സി.ബി.ഐ. തുടര്‍ നടപടികള്‍ക്കുള്ള തയ്യാറെടുപ്പിലാണ്‌.

കോട്ടയം രൂപതയിലെ ചാന്‍സലറാണ്‌ ഫാ. കോട്ടൂര്‍ ഇപ്പോള്‍.

കഴിഞ്ഞവര്‍ഷം ആഗസ്‌ത്‌ എട്ടിനാണ്‌ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്ക, സിസ്റ്റര്‍ സെഫി എന്നിവരെ ബാംഗ്ലൂരില്‍ സി.ബി.ഐ. നാര്‍ക്കോ അനാലിസിസിന്‌ വിധേയരാക്കിയത്‌. ഒരു പ്രത്യേക മരുന്നു കുത്തിവെച്ച്‌ അര്‍ധബോധാവസ്ഥയിലാക്കിയശേഷം ഇവരെ ചോദ്യം ചെയ്‌തത്‌ പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്‌.

സിസ്റ്റര്‍ അഭയ അന്തേവാസിയായിരുന്ന കോട്ടയം പയസ്‌ടെന്‍ത്‌ കോണ്‍വെന്റിലെ അവിഹിത ബന്ധങ്ങള്‍ സംബന്ധിച്ചും രേഖപ്പെടുത്തിയിട്ടുണ്ടെന്നു സൂചനയുണ്ട്‌. കോണ്‍വെന്റിലെ ചില സംഭവങ്ങള്‍ക്ക്‌ സാക്ഷിയാകാനിടയായ സിസ്റ്റര്‍ അഭയയെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തിയെന്നാണ്‌ കരുതപ്പെടുന്നത്‌. 1992 മാര്‍ച്ച്‌ 27 ന്‌ പുലര്‍ച്ചെയാണ്‌ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്‌. സിസ്റ്റര്‍ അഭയതന്നെ മാനഭംഗത്തിനിരയായിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്‌.

ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരസ്യമാക്കണമെന്നാവശ്യപ്പെട്ട്‌, പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ 2007 നവംബറില്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അതിന്മേല്‍ തീരുമാനം ഉണ്ടാകാന്‍ വൈകി. തുടര്‍ന്ന്‌ ജോമോന്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നാര്‍ക്കോ അനാലിസിസ്‌ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ ജസ്റ്റീസ്‌ വി. രാംകുമാര്‍ കഴിഞ്ഞ ജനവരി 11 ന്‌ ഉത്തരവിട്ടിരുന്നു. വിവരങ്ങള്‍ പുറത്താകുന്നത്‌ തുടരന്വേഷണത്തെ ബാധിക്കുമെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചില്ല.

ഒട്ടിച്ച കവറില്‍ എറണാകുളം ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ഹൈക്കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്‌.

1993 മാര്‍ച്ച്‌ 29 നാണ്‌ സി.ബി.ഐ. അഭയക്കേസ്സ്‌ അന്വേഷണം ഏറ്റെടുത്തത്‌. ആദ്യം കേസന്വേഷിച്ച ഡിവൈ.എസ്‌.പി. വര്‍ഗ്ഗീസ്‌ പി. തോമസ്‌ നിര്‍ണായകമായ ചില തെളിവുകള്‍ ശേഖരിച്ചു. പക്ഷേ ചില പ്രമുഖരെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിനു മേലുദ്യോഗസ്ഥരുടെ അനുമതി കിട്ടിയില്ല.

അഭയയുടെ മരണം ആത്മഹത്യയാണെന്ന കോട്ടയം ക്രൈംബ്രാഞ്ച്‌ പോലീസിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും കൊലപാതകമാണെന്നും അദ്ദേഹം വാദിച്ചു. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴിപ്പെടാതെ, വര്‍ഗ്ഗീസ്‌ പി. തോമസ്‌ സി.ബി.ഐ.യിലെ ഉദ്യോഗംതന്നെ രാജിവയ്‌ക്കുകയുണ്ടായി.

പിന്നീട്‌ മൂന്ന്‌ സി.ബി.ഐ സംഘങ്ങള്‍ ഈ കേസ്‌ അന്വേഷിച്ചു. പ്രതികളെപ്പറ്റി സൂചനകളില്ലെന്നും തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടുവെന്നുമായിരുന്നു അവരുടെ നിലപാട്‌. കേസ്സന്വേഷണം അവസാനിപ്പിക്കാന്‍ അനുമതിതേടിക്കൊണ്ട്‌ സി.ബി.ഐ. മൂന്ന്‌ തവണ അന്തിമറിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു.

എറണാകുളം ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതി സി.ബി.ഐയുടെ അപേക്ഷകള്‍ മൂന്നുതവണയും തള്ളുകയും തുടരന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തു.

തുര്‍ന്നാണ്‌ സി.ബി.ഐ. സൂപ്രണ്ട്‌ ആര്‍.എം. കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ നിയോഗിച്ചത്‌.

ഈ സംഘം മാസങ്ങളോളം നടത്തിയ അന്വേഷണങ്ങളാണ്‌ ഇപ്പോള്‍ ഫലപ്രാപ്‌തിയിലേയ്‌ക്ക്‌ നീങ്ങുന്നത്‌.

കെ.ജി. മുരളീധരന്‍

No comments: